Friday, July 17, 2015

ജടായു സ്തുതി


ജടായൂസ്തുതി. --------------------------- അഗണ്യഗുണമാദ്യമവ്യയമപ്രമേയ- മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം പരമം പരാപരമാനന്ദം പരാത്മാനം വരദമഹം പ്രണതോസ്‌മി സന്തതം രാമം. മഹിതകടാക്ഷവിക്ഷപിതാമരശൂചം രഹിതാവധിസുഖമിന്ദിരാമനോഹരം ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര- കോമളകരാംബുജം പ്രണതോസ്മ്യഹം രാമം. ഭൂവനകമനീയരൂപമീഡിതം ശത- രവിഭാസുരമഭീഷ്‌ടപ്രദം ശരണദം സുരപാദപമൂലരചിതനിലയനം സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം. ഭവകാനനദവദഹനനാമധേയം ഭവപങ്കജഭവമുഖദൈവതം ദേവം ദനുജപതികോടി സഹസ്രവിനാശനം മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം. ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം ഭവഭീവിരഹിതം മുനിസേവിതം പരം ഭവസാഗരതരണാംഘ്രിപോതകം നിത്യം ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം. ഗിരിശ ഗിരിസുതാഹൃദയാംബുജവാസം ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം സുരസഞ്ചയദനുജേന്ദ്രസേവിതപാദം സുരപമണിനിഭം പ്രണതോസ്മ്യഹം രാമം. പരദാരാർത്ഥപരിവർജ്ജിതമനീഷിണാം പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം പരലോകൈകഹിതനിരതാത്മനാം സേവ്യം പരമാനന്ദമയം പ്രണതോസ്മ്യഹം രാമം. സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം സ്മൃതിഗോചരമസിതാംബുദകളേബരം സിതപങ്കജചാരുനയനം രഘുവരം ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം. ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ സകലചരാചരജന്തുക്കളുളളിൽ വാഴും പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും പരമം പരാപരം പ്രണതോസ്മ്യഹം രാമം. വിധിമാധവ ശംഭുരൂപഭേദേന ഗുണ- ത്രിതയവിരാജിതം കേവലം വിരാജന്തം ത്രിദശമുനിജനസ്തുതമവ്യക്തമജം ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം. മന്മഥശതകോടി സുന്ദരകളേബരം ജന്മനാശാദിഹീനം ചിന്മയം ജഗന്മയം നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം നിർമ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം.” ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്‌ പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ “അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ.” ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ- നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്‌ ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ.

Sunday, January 29, 2012

വേദവ്യാസൻ.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

Saturday, January 28, 2012

ദുര്‍ഗാഷ്ടകം

കാര്‍ത്ത്യായനി മഹാമായേ ഖഡ്ഗബാണധനുര്‍ദ്ധരേ
ഖഡ്ഗധാരിണി ചണ്ഡി ശ്രീ ദുര്‍ഗ്ഗാദേവി നമോസ്തുതേ

വാസുദേവസുതേ കാളി വാസുദേവസഹോദരി
വസുന്ധരശ്രിയേ നന്ദേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

ശംഖചക്രഗദാപാണേ ശാര്‍ങ്ങ്‌ഗജ്യായതബാഹവേ
പീതാംബരധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

ഋഗ്യജുസ്സാമാഥര്‍വണശ് ചതുസ്സാമന്തലോകിനീ
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുര്‍ഗ്ഗാദേവി നമോസ്തുതേ

വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥസഹോദരീ
വൃഷ്ണീരൂപധരേ ധന്യേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

സര്‍വജ്ഞേ സര്‍വഗേ ശര്‍വേ സര്‍വേശി സര്‍വസാക്ഷിണി
സര്‍വാമൃതജടാഭാരേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

അഷ്ടബാഹുമഹാസത്വേ അഷ്ടമീ നവമിപ്രിയേ
അട്ടഹാസപ്രിയേ ഭദ്രേ ദുര്‍ഗ്ഗാദേവി നമോസ്തുതേ

ദുര്ഗാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര
സര്‍വ കാമമവാപ് നോതി ദുര്ഗാലോകം സ: ഗച് ചതി

Friday, January 20, 2012

ശ്രീകൃഷ്ണജീവിതം ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശം .....


ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു അവതാരമൂര്‍ത്തിയാരുന്നു...ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു...സത്യം,ന്യായം,നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു ഭഗവാന്‍ ...ഈശ്വരനും,ദാസനും,യജമാനനും,മിത്രവും ,തേരാളിയുമായെല്ലാം ജീവിച്ചുകാട്ടിതന്ന ശ്രീകൃഷ്ണചരിതം ഭാരതീയജനതയുടെ ഹൃദയത്തിലേക്ക് വാരിവിതറിയ നന്മകളേതെന്നു ഒന്ന് വിലയിരുത്താം...

ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍ ...തന്റെ അമ്മാവനെ വധിക്കുകയും സ്വേച്ചാധിപതിയായ പുത്രനാല്‍ തുറുങ്കിലടക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിക്കുകയുമാണുണ്ടായത്...കൃഷ്ണന്‍ തന്റെ ബാലചാപല്യങ്ങളും കുസൃതികളും .പ്രേമകേളികളും ആട്ടവും പാട്ടുമെല്ലാം നിര്‍ത്തി "മഥുര"യില്‍നിന്നു ദ്വാരകയിലേക്ക് പോയി ഒരു പട്ടണം നിര്‍മ്മിച്ച്‌ ഒരു സ്ഥാപിക്കുകയാണുണ്ടായത് ,,,പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചു..ഇപ്പോഴും ഒരു രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല..രാജതന്ത്രം,രാഷ്ട്രനിര്‍മ്മാണം ,യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല...യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല...അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപ്രുതാനാരുന്നു...
യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ - ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് ഒരു ശസ്ത്രക്രിയയാണ് ശ്രീകൃഷ്ണന്‍ ചെയ്തത്..അതിനു യുക്തമായ "ശാസ്ത്രം " തന്നെ ഉപയോഗിച്ചു ...

"കുതാസ് ത്വ കശ്മലമിദം വിഷമേ സമൂപസ്ഥിതം ....അങ്ങനെ അര്‍ജ്ജുനന്റെ മാനസികമായ തളര്‍ച്ചയ്ക്ക് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു..ജീവിതതത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല..
ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട് ..അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും...ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം..കൃഷ്ണന്‍ ഒരുനോക്കുകൊണ്ടോ അല്പം വാക്കുകള്‍കൊണ്ടോ അര്‍ജുനനെ പഠിപ്പിച്ചത്..എഴുനൂറു ശ്ലോകങ്ങളുള്ള ഗീതയിലൂടെ സഞ്ജയന്റെ വാക്കുകളായി വ്യാസാചാര്യന്‍ നമുക്ക് നല്കിയിരുക്കുന്നു...
പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും അസംഗനായിരിക്കാനും തനിക്കുള്ള കഴിവ് സാമ്രാജ്യസ്ഥാപനത്തിനായും അത് അര്‍ഹതയുള്ളവരെ ഭരിക്കാനെല്‍പ്പിക്കുനതിനായും ഉപയോഗിച്ചു..
ഇതെല്ലാം ലോകത്തിനു കാട്ടിക്കൊടുത്ത വൃന്ദാവനത്തിലെ ശ്രീകൃഷ്ണന്‍ -ഗോപീവല്ലഭന്‍ ,മഥുരാവീരന്‍ ,കംസനിഗ്രഹന്‍ , ദ്വാരകാപതി ,അര്‍ജ്ജുനസുഹൃത് ,മഹാഭാരത യുദ്ധത്തിന്റെ കേന്ദ്രബിന്ദു എന്നീ നിലയില്‍ വിരാജിച്ചു...ദുഷ് കൃതികളുടെ വിനാശവും സാധുജനപരിത്രാണനവുമെന്ന തന്റെ ലീല അവസാനിപ്പിച്ചു ...അവതാരസ്വരൂപം വെടിഞ്ഞു ബ്രഹ്മഭാവത്തില്‍ ലയിച്ചു...അന്യരെ സ്നേഹിച്ചും സേവിച്ചും ഫലേച്ച കൂടാതെ ഒരു കര്‍മ്മയോഗിയായി ഭഗവാന്‍ എല്ലാവരുടെയും ഇടയില്‍ -ഈ ഭൂമുഖത്ത്‌ സ്വദേശി എന്നതിലുപരി ഒരു പ്രവാസിയെന്ന നിലയില്‍ ജീവിതം നയിച്ചു...

ശ്രീകൃഷ്ണന്റെ ജീവിതസന്ദേശങ്ങള്‍ ...

ജീവിതത്തില്‍ ഉണ്ടാകുന്ന ജയപരാജയങ്ങള്‍ ഒരുപോലെ കണ്ടതുകൊണ്ടാണ് കൃഷ്ണഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്...ഒരര്‍ഥത്തില്‍ ചിരിച്ചുകൊണ്ട് ജനിച്ചു ,ചിരിച്ചുകൊണ്ട് ജീവിച്ച് ,ചിരിച്ചുകൊണ്ട് ശരീരം വെടിഞ്ഞവനാണ്..
എല്ലാ കര്മ്മരംഗതും വലുപ്പചെറുപ്പമില്ലാതെ സകല കര്‍മ്മങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു.. ..എത്ര വലിയ ചുമതലകള്‍ വഹിക്കുമ്പോഴും ഭഗവാന്‍ ചിരിക്കാന്‍ മറന്നില്ല.. അല്‍പസ്വല്‍പ്പ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അഹങ്കാരം തല്ക്കുപിടിക്കുന്നവരുടെ ഇടയില്‍ സര്‍വ്വശക്തനായിട്ടും തന്റെ ശക്തിയില്‍ അഹങ്കാരം ലവലേശമില്ലാരുന്നു...ഭൂമിയോളം ക്ഷമിച്ചു നിവൃതിയില്ലാതെയാണ് കംസനെ പാഠം പടിപ്പിക്കെണ്ടിവന്നത് ....
അധര്‍മ്മത്തിന്റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍പോലും ധര്‍മ്മസംരക്ഷണത്തിന് അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ഉപദേശിച്ച ശ്രീകൃഷ്ണനെയാണ് ഇന്ന് സമസ്തലോകവും മാതൃകയാക്കേണ്ടത് ...സ്വയം പാപം അനുഷ്ടിക്കാതിരിക്കാനും പുണ്യ മനുഷ്ടിക്കേണ്ടതെങ്ങനെയെന്നു ഉപദേശിച്ചു പുണ്യാത്മാക്കളായി മറ്റുള്ളവരെ മാറ്റിയെടുക്കാനുമായി ശ്രീകൃഷ്ണന്‍ ശ്രമിച്ചത്..തന്നോട് ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം കൊരിത്തരിഞ്ഞ ആ പരമാത്മാവ്‌ ദേഹം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പേയ്ത വേടന് പരമപദം നല്‍കി അനുഗ്രഹിച്ചു യാത്രയാക്കിയവനാണ് .....സദാകര്‍മ്മനിരതനായ കൃഷ്ണന്‍ തനിക്കു കിട്ടിയ വേഷങ്ങളെല്ലാം രാജാവിന്റെയും യോദ്ധാവിന്റെയും ദൂതന്റെയും തേരാളിയുടെയും ഗോപികാനാഥന്റെയും എന്നുവേണ്ട വൈവിധ്യമാര്‍ന്ന എല്ലാ വേഷങ്ങളും പൂര്‍ണ്ണമായി ആടിതീര്‍ത്തു...

ശ്രീകൃഷ്ണനെ ഭജിക്കുന്നതോടൊപ്പം ഭഗവാന്‍ കാട്ടിതന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഭഗവത്പ്രീതി ഉണ്ടാകുവെന്നു ഉറച്ചു വിശ്വസിച്ച് മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ ....
ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ...

ശിവാക്ഷരമാല


ശംഭോമഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

അമ്പിനോടെന്നുടെ മുമ്പില്‍ വിളങ്ങണം
കുംഭീ മുഖഹരേ പാലയ മാം

ആരാഞ്ഞു വന്നിങ്ങു സേവിക്കൊന്നുര്‍ക്കെല്ലാ-
മായുസ്സു നല്‍കീടും വിശ്വനാഥന്‍

ഇക്കണ്ടാവര്‍ക്കെല്ലമീശനായ് പാലിപ്പാ-
നീശ നീയെന്നിയെ മറ്റാരുള്ളു?

ഈരെഴുലകിന്നു വേരായ് മരുവുന്ന
പാര്‍വതീവല്ലഭ പാലയ മാം.

ഉണ്ടൊരു സങ്കടമേന്നുള്ളിലെപ്പോഴും
ഗൌരീശ ശങ്കര പാലയ മാം

ഊനങ്ങള്‍ കൂടാതെ വന്നിടും മൃത്യുക്കള്‍
പാരാതോഴിക്കുന്നു നീലകണ്ഠന്‍

ഏറണാകുളം തന്നില്‍ വാണരുളീടുന്ന
ഗംഗാധര ജയ പാലയ മാം

ഏതൊരു കാര്യം തുടര്‍ന്നതിനെപ്പോഴും
മറ്റും തുണ പോറ്റി തമ്പുരാനെ

ഐവര്‍ക്കു വന്നതാം സങ്കടം പോക്കുവാന്‍
വേദരൂപം പൂണ്ട വിശ്വനാഥ

ഒരുമയായുള്ള ജലധാരയ്ക്കിന്നിപ്പോ-
ളുപമയായ്‌ ചൊല്ലുവാന്‍ മറ്റൊന്നുണ്ടോ

ഓരോതെയുള്ളോരുദരസന്താപത്തെ
നാശം വരുത്തുക വിശ്വനാഥ

ഔഷധമായുള്ള ധാരയെയെല്‍ക്കുവാന്‍
യുഷ്മല്‍കൃപ വന്നുദിച്ചിടെണം

അഞ്ചു സ്വയംഭൂനും വെവ്വേറെ കൂപ്പുവാ-
നയ്യോയെനിക്കു വരം തരേണം

അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പലും ഭംഗിയോടെ

ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഡം ഭജേ പാലയ മാം

മുരുകനും വള്ളിയും ദേവയാനിയും

വലിയവര്‍ എന്ത് കാണിച്ചാലും ചെറിയവര്‍ അതിനെ അനുകരിക്കും..അത് പ്രത്യക്ഷമാകാം പരോക്ഷമാകാം..ആരാധിക്കുന്ന ചില വ്യക്തികളുടെ ദോഷവശങ്ങളെപ്പോലും നാം അനുകരിക്കുന്നത് മനപ്പൂര്‍വ്വമല്ല എന്നതാണ് സത്യം...അവരെപ്പോലെ സംസാരിക്കുക,അവരെപ്പോലെ ചിരിക്കുക...അനുകരണം അഭിനന്ദനത്തിന്റെ മറ്റൊരു രൂപം തന്നെയാണ്...ഉള്ളുകൊണ്ട് ആരെ അഭിനന്ദിച്ചാലും നമ്മളിലെ ഒരംശം അവരെ അനുകരിക്കുന്നുണ്ട്...ഈ ഭൂമിയില്‍ സല്‍ഗുണങ്ങളെപ്പോലെ തന്നെ ദുര്‍ഗുണങ്ങളും നിലനിക്കുന്നത് അതുകൊണ്ടാണ്...അച്ഛന്‍ കാണിക്കുന്നതെന്തും മകന്‍ അനുസരിക്കും..പുരാണ കഥാപാത്രങ്ങളെ ആദരിക്കുന്നവര്‍ ആണ് ഭാരതീയര്‍ ....കൃഷ്ണനെയോ രാമനെയോ റിയലിസ്റ്റിക്കായി അനുകരിച്ചാല്‍ എന്താണ് സംഭവിക്കുക...?

കൃഷ്ണന്റെയും രാമന്റെയും കഥകള്‍ക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.....രാമലീല,
കൃഷ്ണലീല എന്നൊക്കെയാണ് അതിനെ വിശേഷിപ്പികുക...വ്യഖ്യാനമര്‍ഹിക്കുന്നവയാണ് ലീലകള്‍ ...ഋഷീശ്വരന്മാര്‍ വലിയ തത്വങ്ങളെ ലീലകളാക്കി വര്‍ണ്ണിച്ചു..ഒരു ജന്മം കൊണ്ട് പഠിച്ചു തീരാത്ത വ്യാഖ്യാനങ്ങളാണ് ഈ കഥകളുടെ പിറകിലുള്ളത്...

നമ്മുടെ ജീവിതത്തിലേക്ക് വരാം ...വിദ്യാഭ്യാസമുള്ളവരെ അതില്ലാത്തവര്‍ അനുകരിക്കുന്നു...ധനികരായ വ്യക്തികളെ ദരിദ്രനാരായണന്മാര്‍ അനുകരിക്കുന്നു..തമിഴ്‌നാട്ടില്‍ ചിന്നവീട് എന്നൊരു സമ്പ്രദായമുണ്ട്...ഒരു ഭാര്യ നിലവിലുള്ളപ്പോള്‍ മറ്റൊരു ചെറുപ്പക്കാരിയെക്കൂടി ഭാര്യയാക്കിവെക്കുക..ചിന്നവീട് എന്നത് യഥാര്‍ത്ഥത്തില്‍ പെരിയവീട് തന്നെയാണ്...
രാമനാഥപുരത്തെ മുരുകന്‍ മുനിസ്വാമിയെ അവിടുതുകാര്‍ക്കെല്ലാം പരിചയമുണ്ട്...അയാള്‍ക്ക്‌ രണ്ടു പോണ്ടാട്ടിമാരുണ്ട്..മുരുകന്റെ ഭക്തനാണ് മുനിസ്വാമി ...വീട്ടില്‍ മുരുകന്റെ പ്രതിഷ്ടയുണ്ട്...മുരുകനെ രണ്ടു പത്നിമാരുള്ളത് വിവരം അറിയാമല്ലോ...മുരുകന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന ചിത്രങ്ങളും സാദാരണയാണ്..ഇത്രമാത്രം പരസ്യമായി രണ്ടു ഭാര്യമാരുടെ നടുവില്‍ മുരുകന് നില്‍ക്കാമെങ്കില്‍ മുരുകന്‍ മുനിസ്വാമിക് ഒരു ചിന്നവീട് ഉണ്ടാകുന്നതില്‍ തെറ്റുണ്ടോ...?

തെറ്റുണ്ട് ..മനുഷ്യശരീരത്തിനകത്തു നടക്കുന്ന താന്ത്രിക രഹസ്യങ്ങളെയാണ് ഋഷിമാര്‍ കഥാപാത്രങ്ങളാക്കി പറഞ്ഞുവെച്ചത്‌...മുരുകന്‍ നാം തന്നെയാണ് ..ഉയര്‍ന്നു നില്‍ക്കുന്നവന്‍ ആണ് മനുഷ്യന്‍..അവന്റെത്‌ ഊര്‍ദ്വമുഖ വ്യകതിതമായിരിക്കണം...ആളുന്നതിനെയാണ് ആള്‍ എന്ന്
വിളിക്കുന്നത്‌... വിളക്കിന്റെ തിരി മുകളിലേക്ക് ആണ് ആളുക ..അത് ഒരിക്കലും താഴോട്ട് വരികയില്ല.ഒരു വ്യക്തിയെ ഇങ്ങനെ കുത്തനെ നിര്‍ത്തുന്നത് സുഷുമ്ന എന്ന നാഡിയാണ്...സൂര്യപ്രകാശം ശിരസ്സില്‍ അടിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ക്ക്‌ ഇത്രയും സിദ്ധികള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്‌...

സുഷുമ്നനാഡിയാണ് മുരുകന്‍ ...ഈ നാഡിക്ക് ചുറ്റും ഇഡ , പിംഗള എന്നീ രണ്ടു നാഡികളുണ്ട് ..ഒന്ന് ചന്ദ്രനാഡിയാണ് ..മറ്റേതു സൂര്യനാഡിയും..സുഷുമ്നയെ ചുറ്റി നില്‍ക്കുന്ന സൂര്യ നാഡിയും ചന്ദ്ര നാഡിയുടെയും പ്രതീകമായിട്ടാണ്‌ പുരാണത്തില്‍ വല്ലിയെയും ദേവയാനിയെയും ചിത്രീകരിച്ചിരിക്കുന്നത് .....സൂര്യന്‍ ബുദ്ധിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു...ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു...മനസ്സും ബുദ്ധിയും ഏകീകരിച്ചു പ്രവര്‍ത്തിക്കുമ്പോളാണ് ഉയര്ച്ചയുണ്ടാവുക...
വള്ളിദേവയാനിമാരോടോത്ത് നില്‍ക്കുന്ന മുരുകന്റെ ചിത്രം കാണുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമെന്നു ചിന്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്...അവനവന്‍ കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണമായി പുരാണകഥകളെ ഉദ്ധരിക്കുന്നത് ശരിയല്ല...

സ്വന്തം ബുദ്ധിയെ ഊര്‍ദ്വമുഖമാക്കി മാറ്റാന്‍ മനസ്സിനെയും ബുദ്ധിയും സമതുലിതാവസ്ഥയില്‍ നിര്‍ത്തുക എന്ന തത്വം മുരുകനില്‍നിന്നു പഠിക്കുന്നത്തിനു പകരം ഭാര്യമാര്‍ രണ്ടാകാം എന്ന് മനസിലാക്കിയ മുരുകന്‍ മുനിസ്വാമിമാര്‍ എന്നും സമൂഹത്തിലെ അപഹാസ്യകഥാപാത്രങ്ങളായിരിക്കും....

ഭഗവാന്‍ മഹാവിഷ്ണുവിന്റെ നാലു കരങ്ങളിലുള്ള ആയുധങ്ങളാണ് ശംഖം , ചക്രം , ഗദ , പദ്മം എന്നിവ.....

ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ "പാഞ്ചജന്യം" എന്ന ശംഖം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണ് ....അതിന്റെ ശബ്ദം സൃഷ്ടിസ്ഥിതി സംഹാരകാരകരായ ബ്രഹ്മ വിഷ്ണു പരമേശ്വരന്മാരായും നാദരൂപിയായ വിഷ്ണുമായയായും രൂപംകൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന്നു....

ആര്‍ക്കും ഒന്നിനും നിരോദിക്കാനും നിയന്ത്രിക്കാനും ആകാതെ നിയതമായ വേഗത്തോടെ ഭ്രമണം ചെയ്യുന്ന "സുദര്‍ശനം" നിശിതധാരങ്ങളായ 360 ധാരകളും 12 ആരക്കാലുകളും ഉള്ളതാണ്....ഭഗവാന്റെ ചൂണ്ടുവിരലിന്റെ അറ്റത്ത്‌ സദാകറങ്ങുന്ന ഈ ആയുധം സര്‍വ്വസംഹാരിയാണ് ....കാലമാണ് ഈ ആയുധം ...കാലം കേവല സത്യമാണ്.."കൌമോദകി" എന്നു പേരുള്ള ഗദയാണ് ഭഗവാന്റെ മൂന്നാമത്തെ ആയുധം...ധര്‍മ്മദേവതയായ ഭൂമിദേവിയെ അധര്‍മ്മത്തില്‍നിന്നും രക്ഷിക്കാനാണ് ഭഗവാന്‍ ഈ ആയുധം ഉപയോഗിക്കുന്നത് .....സൌന്ദര്യ സാക്ഷാത്കാരമാണ് പദ്മം അഥവാ താമര...സൃഷ്ടി കര്‍ത്താവായ ബ്രഹ്മദേവന്റെ ഉത്പത്തി താമരയിലയാണ് ....

ഈ നാലു ആയുധങ്ങളും സത്യത്തിന്റെ വിവിധഭാവങ്ങളാണ് ...സനാതന സത്യമായ പ്രണവം , ഭൌതികസത്യമായ കാലം , ഭൂമിദേവിക്ക് ആഹ്ലാദം പകരുന്ന കൌമോദകി ,സൌന്ദര്യത്തിന്റെ പ്രതിരൂപമായ പദ്മം എന്നീ ആയുധങ്ങള്‍ കൊണ്ട് അധര്‍മ്മത്തെ എതിര്‍ത്തു തോല്പിക്കുന്നു ഭഗവാന്‍ മഹാവിഷ്ണു ...!!!