Friday, January 20, 2012

തിങ്കള്‍ മഹാത്മ്യം


ദുഖങ്ങള്‍ക്ക്‌ ഒരു പരിധിവരെ അറുതി ലഭിക്കുന്ന വൃതമാണ് തിങ്കളാഴ്ച നോല്‍മ്പ്...ശിവഭക്തന്മാര്‍ തീര്‍ച്ചയായും ഈ വൃതം അനുഷ്ടിക്കണം...ശിവന്‍ സങ്കടഹരനാണ്...ശിവശക്തിയുടെ അനുഗ്രഹം നേടുവാന്‍ മഹാഭാഗ്യം ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ മനോവിഷമമില്ല...

മനസ്സും ശരീരവും വൃത്തിയാക്കിയതിനു ശേഷം രാവിലെ തന്നെ ശിവക്ഷേത്രങ്ങളില്‍ പോയി ഭ്കത്യാദരപുരസ്സരം ഈശ്വരസേവയില്‍ വ്യാപ്രുതരാവുക...വീട്ടിലെ ബിംബത്തിലോ ,പടത്തിലോ ദീപാരാധനയും ധൂപാരധനയും നടത്തണം...പുഷ്പങ്ങള്‍കൊണ്ടലങ്കരിക്കുക..വില്വം - കൂവളം-അത്യത്തുമമാണ്....

നിത്യവും ശിവാരാധന ചെയ്യുന്നവന്റെ സര്‍വ്വ പാപങ്ങളും നശിക്കും...തിങ്കള്‍ , ഗ്രഹണം ,ശിവരാത്രി എന്നീ ദിവസങ്ങളിലെ വൃതാനുഷ്ടാനതോടെയുള്ള പൂജകൊണ്ട് ഭക്തന്റെ എല്ലാ തെറ്റുകളും ഭഗവാന്‍ ക്ഷമിച്ച്‌ ധനം , തേജസ്സ് , കീര്‍ത്തി ,മോക്ഷം എന്നിത്യാദി സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുന്നു എന്നാണ് ഹാലാസ്യ മഹാത്മ്യരഹസ്യം ....

സത്യനാരായണബലി


ദക്ഷിണതാന്ത്രികവിധികളില്‍ അത്യപൂര്‍വ്വമായ ചടങ്ങാണ് മഹാസത്യനാരായണബലിയെന്നു അറിയപ്പെടുന്നത്...വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി...സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്‍ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്‍ന്ന മൂര്‍ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്...

ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്‍ന്നതാണ് ഈ ദര്‍ശനം....അതിനാല്‍ ഉപാസകര്‍ക്ക് സര്‍വ്വാഭീഷ്ട പ്രദായകമാണ് .....

സര്‍വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില്‍ പ്രസിദ്ധമാകുന്നു....ഏതുകാലത്തും ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്‍ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണബലി....

"സത്യനാരായണ പൂജനടത്തിയാല്‍
നിത്യലക്ഷ്മി സാന്നിധ്യം ഫലം"
എന്നാണ് നാരായണ തന്ത്രം പറയുന്നത്...സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ്‌ ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു...അതായത് സകലവിധ ഐശ്വര്യങ്ങളും അവര്‍ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം,....

Wednesday, January 18, 2012

ശിവപുരാണം --- ഗണപതി വാഹനം


മൂഷികന്‍‌ എന്ന് പേരായ ഒരു അസുരന്‍ ഉണ്ടായിരുന്നു..അയാള്‍ ഉഗ്രമായ തപസ്സിലൂടെ ശക്തിമാനാകാന്‍ ആഗ്രഹിച്ചു..അസുരന്മാരുടെ ഇഷ്ടദേവനായ മഹേശ്വരനെയാണ് മൂഷികന്‍‌ ഉപാസിച്ചത്...
എകാന്തമായൊരു ഗുഹാന്തര്‍ഭാഗത്ത് നമ:ശിവായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു തപസ്സാരംഭിച്ചു..തപസ്സു അനേകം സംവത്സരങ്ങള്‍ നീണ്ടുനിന്നു..അന്നപാനീയാദികള്‍ വെടിഞ്ഞു തപം തുടര്‍ന്നു....തപസ്സിന്റെ തീഷ്ണജ്വാലകള്‍ ഭൂസ്വര്‍ഗ്ഗപാതാളങ്ങളെ ചുട്ടുപൊള്ളിച്ചു...ഹിമഗിരിശ്രുംഗങ്ങള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി...ശ്രീശൈലത്തിങ്കലും അത് പ്രതിഫലിച്ചു...അസുരന്റെ തപസ്സിന്റെ ചൂട് ഭഗവാനും അറിഞ്ഞു...

അസുരന് വരം നല്കിയാലുള്ള ഭവിഷ്യത്ത് നന്നായി അറിയാവുന്ന ഉമാപതി തപോഭംഗം വരുത്തുവാന്‍ സ്വന്തം കണ് ടാഭരണമായ സര്‍പ്പത്തിനോടാവശ്യപ്പെട്ടു...സര്‍പ്പം ഇഴഞ്ഞിഴഞ്ഞു മൂഷികാസുരന്‍ തപസ്സു ചെയുന്ന ഗുഹയിലെത്തി....ഉഗ്രമായ ശീല്‍ക്കാരത്തോടെ അവന്റെ നേരെ ചീറ്റി..ശരീരത്തിലൂടെ ഇഴഞ്ഞു കയറി തപ്സ്സുമുടക്കാന്‍ ശ്രമിച്ചു..തപോലീനനായ അസുരന്റെ പുരികക്കൊടിപോലും ചലിപ്പിക്കാന്‍ ആ സര്‍പ്പതിനായില്ല....

തന്റെ പ്രിയഭക്തന്റെ അചഞ്ചലമായ ഭക്തിക്കു മുമ്പില്‍ കീഴടങ്ങാതിരിക്കാന്‍ ഭാഗവാനുകുമോ..പരമശിവന്‍ മൂഷികനു മുന്നില്‍ പ്രത്യക്ഷനായി...
"ഭക്താ നിന്നില്‍ നാം സംപ്രീതനായിരിക്കുന്നു ...എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്‍ക..."
"ഭഗവാനെ ഈയുള്ളവന്‍ ത്രിലോകാധിപത്യം ആഗ്രഹിയ്ക്കുന്നു..സ്വര്‍ഗ്ഗം , ഭൂമി ,പാതാളം എന്നിവിടങ്ങളില്‍ അനിഷേധ്യനായ ചക്രവര്‍ത്തിയായി എനിക്ക് വാഴണം..സാധാരണ മനുഷ്യരോ ദേവന്മാരോ ,അസുരന്മാരോ എന്നെ വധിയ്ക്കരുത്...അപ്രകാരം സംഭവിക്കട്ടെ എന്നനുഗ്രഹിച്ചു ശിവന്‍ മറഞ്ഞു...

വരപ്രാപ്തിയില്‍ ഉല്‍ക്കടനായ മൂഷികരാജന്‍ ഇന്ദ്രനെ തോല്‍പ്പിച്ചു സ്വര്‍ഗ്ഗാധിപത്യം നേടി..പാതാളദേശത്തുള്ള അസുരന്മാരെ ഒത്തുചേര്‍ത്ത് അവരോടൊപ്പം ഭൂമിയില്‍ സകലദുഷ്ടത്തരങ്ങള്‍ക്കും നേത്രുതം നല്‍കി...ആശ്രമകവാടങ്ങള്‍ തീയെരിച്ചു സജ്ജനങ്ങളെ ഹിംസിച്ചു .....എങ്ങും അശാന്തിയും അക്രമവും കളിയാടി...മഹര്‍ഷിമാരുടെ ദീനരോദനങ്ങള്‍ പരമശിവന്റെ കാതിലും എത്തി...നാരദാദിമുനികളും ബ്രഹ്മാദിദേവകളും ഭഗവാനെ ശരണം പ്രാപിച്ചു...മഹാപ്രഭോ അങ്ങിതു കേള്‍ക്കുന്നില്ലേ...അങ്ങയുടെ അനുഗ്രഹം ത്രിഭുവനത്തിലും ശാപമായി മാറിയിരിക്കുന്നു...എന്താണ് ഇതിനു ഒരു പരിഹാരം...അങ്ങ് തന്നെ പറഞ്ഞാലും...

നിങ്ങള്‍ വിഷമിക്കേണ്ട നിങ്ങള്‍ക്കുണ്ടായ സകല ദുരിതങ്ങള്‍ക്കും ഉടന്‍ അറുതി വരും...എന്റെ വത്സലപുത്രനായ ഗണപതി അവനെ കീഴടക്കും..
"മകനെ ഗണേശാ വേഗം വരൂ "...ഉടനെ പാര്‍വ്വതീ ദേവി തടസ്സവാദം ഉന്നയിച്ചു..
"എന്താണ് നാഥാ അങ്ങീപറയുന്നത് ..കുട്ടിത്തം വിട്ടുമാറാത്ത ഈ പിഞ്ചു ബാലനോ..!!!...അസുര ചക്രവര്‍ത്തിയെ കീഴ് പ്പെടുത്തുന്നത് ...?
"ഗൌരീ ! എന്തിനാണ് ഭയപ്പെടുന്നത് ...നമ്മുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കില്‍ ഗണപതിയ്ക്ക് ഇതെത്ര നിസ്സാരം..ഉണ്ണീ ഇതാ നിനക്ക് ഇന്ന് മുതല്‍ ദിവ്യയുധങ്ങളും അത്ഭുതസിദ്ധികളും കരഗതമായിരിക്കുന്നു...ഭൂതഗണങ്ങള്‍ക്ക് നാഥനായി ഈ ലോകത്തിന്റെ വിഘ്നങ്ങള്‍ അകറ്റിയാലും..അസുരനെ ജീവനോടെ നമ്മുടെ മുന്നില്‍ എത്തിച്ചാലും.."...ഗണപതി , മാതാപിതാക്കളുടെയും , ബ്രഹ്മാദിദേവകളുടെയും അനുഗ്രഹത്തോടെ ഭൂതഗണസേനയും നയിച്ച്‌ മൂഷികരാജനെ നേരിടാന്‍ പുറപ്പെട്ടു...

അപ്പോഴതാ അസുരന്‍ അനേകായിരം രാജാക്കന്മാരെയും , സന്യാസിമാരെയും മറ്റു സജ്ജനങ്ങളെയും പിടികൂടി കാരാഗ്രഹത്തിലടച്ചു അവരുടെ വേദന കണ്ടു രസിക്കുകയായിരുന്നു..ഗണേശഭഗവാന്‍ അവനെ യുദ്ധത്തിനു വെല്ലുവിളിച്ചു...അസുരസേനാധിപന്മാര്‍ ,ഗണപതിക്ക്‌ മുന്നില്‍ മുട്ടുമടക്കി...അസുരപ്പട ചിന്നഭിന്നമായി...ഒടുവില്‍ ഗണപതിയും മൂഷികനുമായി നേരിട്ടായി യുദ്ധം..വളരെനാള്‍ യുദ്ധം നീണ്ടുനിന്നു
....ദ്വന്ദയുദ്ധത്തിനൊടുവില്‍ അസുരന്‍ തളര്‍ന്നുവീണു..എങ്കിലും ശൌര്യം കുറയാതെ മൂഷികാസുരന്‍ വീണ്ടും പോരിനു പുറപ്പെട്ടു..
മഹാഗണപതിക്ക് ഒരു യുക്തി തോന്നി..അസുരന്റെ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു വിദ്യ..മൂഷികാസുരനെ വെറും മൂഷികനാക്കിമാറ്റുക തന്നെ..നിമിഷ നേരംകൊണ്ട് വീരശൂരപരാക്രമിയായ മൂഷികരാജന്‍ ഒരു നിസ്സാരനായ എലിയായി മാറി..അവനെ ഗണപതി തന്റെ കൈക്കുമ്പിളിലെ കളിപ്പാവയാക്കിയെടുത്ത് അച്ഛന് മുമ്പില്‍ കാഴ്ച വെച്ചു...സന്തുഷ്ടനായ പിതാവ് മകനെ അനുഗ്രഹിച്ചു..

"മകനെ, നീ ഉത്തമനായ ഒരു പുത്രന് യോജിച്ച പ്രവര്‍ത്തിയിലൂടെ ശ്രേഷ്ടത നേടി.. ഗണനായകനായ നീ വിഘ്നവിനാശകനായി സര്‍വ്വാരാദ്ധ്യനായി വാഴ്ക..ഈ മൂഷികന്‍‌ എന്നും ഒരു ആശ്രിതനായി നിന്റെ കൂടെയുണ്ടാവും...അവന്റെ പ്രീതി ഇനിമേല്‍ നിനക്കും പ്രീതി നല്‍കും"...

അന്ന് മുതലാണ്‌ ഗണപതിയുടെ വാഹനം എലി ആയതു എന്ന് പറയപ്പെടുന്നു...

Tuesday, January 17, 2012

ശ്രീരാമാജ്ഞനേയയുദ്ധം


ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം..രാമന്റെ ദാസന് രാമനായി ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിതിക്കുമ്പോള്‍ അത്ഭുതം തോന്നാം..ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്...ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ് ...അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന്‍ തന്നെ...

ശ്രീരാമന്‍ തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു...അഹങ്കാരിയായ ഒരു രാക്ഷസ്സന്‍ ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു...അസാധാരണമായ കഴിവുകള്‍ ഉണ്ട്..ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ...
രാക്ഷസനു ഒരു തമാശതോന്നി...തന്റെ ഉച്ചിഷ്ടം രാക്ഷസ്സന്‍ ശ്രീരാമന്റെ തുറന്നുവെച്ച കരങ്ങളിലേക്ക് എറിഞ്ഞു...കണ്ണുതുറന്ന രാമനെ ഈ കാഴ്ച ക്ഷുഭിതനാക്കി..എതിരാളിയായി വന്നവനെ വെറുതെ വിടത്തക്കവിധം ഭീരുവല്ല രാമന്‍ ...രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിക്കുമെന്ന് പ്രതിജ്ഞയെടുത്തശേഷം രാമന്‍ രാക്ഷസ്സന്റെ പിറകേ തിരിച്ചു...
മായവിയായ രാക്ഷസ്സന്‍ വനത്തിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാരദമഹര്‍ഷി വഴിയില്‍ നില്‍ക്കുന്നു...സംഭവത്തിന്റെ ഗൌരവം മഹര്‍ഷിയോടു വിശദീകരിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു "വനത്തില്‍ ഒരിടത്ത് ഒരു വാനരവൃദ്ധ തപസ്സു ചെയ്യുന്നുണ്ട്..ആ വൃദ്ധയെ സമീപിക്കുക ..രക്ഷപെടാന്‍ കഴിഞ്ഞെന്നുവരും..ആരാണ് പിറകേ വരുന്നതെന്ന് വെളിപ്പെടുതാതിരുന്നാല്‍ മതി..
വാനരവൃദ്ധ ആരാണെന്ന് ചിന്തിക്കുക..സാക്ഷാല്‍ ഹനുമാന്റെ മാതാവായ അഞ്ജനാദേവിയാണത്‌..അസുരന്‍ പരവശനായി ആശ്രമത്തില്‍ ഓടിയെത്തി..തന്നെ രക്ഷിക്കുമെന്ന് സത്യം ചെയ്യണം എന്നാ നിവേദനവുമായിട്ടാണ് രാക്ഷസ്സന്‍ ചെന്നിരിക്കുന്നത്...വൃദ്ധയായ മാതാവിന്റെ ഹൃദയം പരിശുദ്ധമായിരുന്നു ..ആപത്തുപിണഞ്ഞു സഹായം തേടിയെത്തുന്നവരെ സഹായിക്കുകയെന്നല്ലാതെ അഞ്ജനാദേവി മറ്റൊന്നും ചിന്തിച്ചില്ല..മകന്റെ സഹായത്തോടെ ഞാന്‍ അങ്ങയെ രക്ഷപെടുത്തികൊള്ളാമെന്നു പറഞ്ഞു..രാക്ഷസ്സന് ആശ്വാസമായി..
അഞ്ജനാദേവി മകനെ ധ്യാനിച്ചനിമിഷം ഹനുമാന്‍ വിവരമറിഞ്ഞു...അമ്മയാണ് വിളിക്കുന്നത്‌... ഹനുമാന്‍ മാതാവിന്റെ അരുകിലെത്തി..താന്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം തനിക്കുവേണ്ടി നിര്‍വഹിച്ചുതരണമെന്നാണ് മാതാവിന് പറയാനുള്ളത്..

അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കാന്‍ ഹനുമാന്‍ ഒരുക്കമാണ്...പ്രതിയോഗി ആരെന്നു തിരക്കിയെപ്പോഴാണ് വിവരമറിയുന്നത്...അത് സാക്ഷാല്‍ ശ്രീരാമാദേവന്‍ തന്നെ...ഹനുമാന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ..അപ്പോളേക്കും ശ്രീരാമന്‍ രാക്ഷസ്സനെ നിഗ്രഹിക്കാനായി എത്തികഴിഞ്ഞു..തടയാന്‍ വന്നുനില്‍ക്കുന്നത് തന്റെ ദാസനായ ഹനുമാനാണെന്ന് രാമന് മനസിലായി..
രാമബാണം പിന്‍വലിച്ച ചരിത്രമില്ല....രാമാദാസനാണെങ്കില്‍ രാമനെപ്പോലെ തന്നെ ശക്തനാണ്താനും...അവര്‍ യുദ്ധം തുടങ്ങി...യുദ്ധവാര്‍ത്ത എല്ലാ ലോകങ്ങളിലും അറിഞ്ഞു...ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് പറഞ്ഞു നാരദമഹര്‍ഷി ദേവന്മാരെ ചെന്നുകണ്ടു...ലോകത്തിനു നാശമുണ്ടാക്കുന്ന യുദ്ധങ്ങള്‍ ഒഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്‌..ബ്രഹ്മാവ്‌ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു..രണ്ടുപേരോടും ബ്രഹ്മാവ്‌ പറഞ്ഞു ..പിന്മാറാന്‍ ഇരുകൂട്ടരും തയാറല്ലാത്ത ഈ അവസ്ഥയില്‍ ലോകക്ഷേമത്തിനുവേണ്ടി ഒരു ഉപകാരം ചെയ്തുതരണം..രാമനും ഹനുമാനും ഓരോ നിമിഷം കണ്ണടക്കണം...ആവാമെന്ന് ഇരുവരും സമ്മതിച്ചു...ഹനുമാന്‍ ഒരുനിമിഷം കണ്‍പോളകള്‍ അടച്ചു...ആ നിമിഷത്തില്‍ രാമന്‍ ആമ്പേയ്തു...രാമന്റെ ബാണം രാക്ഷസ്സന്റെ ശിരസ്സ്‌ ചേദിച്ചു...രാമബാണം തോറ്റു പിന്‍തിരിഞ്ഞ ചരിത്രമില്ലല്ലോ..അടുത്ത നിമിഷം ശ്രീരാമന്‍ കണ്ണുകള്‍ അടച്ചു...നൊടിയിടകൊണ്ടു ബ്രഹ്മാവ്‌ ആ രാക്ഷസ്സനെ സൃഷ്ടിക്കുകയും ചെയ്തു...രാമബാണമേറ്റ സ്വന്തം ശിരസ്സ്‌ ഉടലിനു മുകളില്‍ വന്നുചേര്‍ന്നതോടെ രാക്ഷസ്സന്റെ സ്വഭാവം മാറി..രാമനെയും ഹനുമാനെയും വണങ്ങികൊണ്ടാണ് രാക്ഷസ്സന്‍ സ്ഥലം വിട്ടത്

ശ്രീരാമന്‍ ആമ്പേയ്യുമ്പോള്‍ താന്‍ പരലോകത്തെത്തുമെന്ന് ഹനുമാന്‍ വിചാരിച്ചെങ്കിലും അത് സംഭവിച്ചില്ല...ഇതിന്റെ കാരണം എന്താണെന്ന് രാമസ്വാമിയോടല്ലാതെ ആരോടാണ് ചോദിക്കുക...രാമശരങ്ങള്‍ പുഷ്പങ്ങളായിട്ടാണ് ഹനുമാന്റെ ശരീരത്തില്‍ വന്നുവീണത്‌ ...ഇതിനു മറുപടിയായി രാമന്‍ പറഞ്ഞു...ഹനുമാന്‍ എന്റെ നാമം ജപിച്ചാണ് ആമ്പേയ്തത് ..സത്യത്തില്‍ എന്നെക്കാള്‍ ശക്തിയുള്ളതാണ് എന്റെ നാമം..

ഈ വിശ്വാസം ഇന്നും ഭാരതീയരെ ഭരിക്കുന്നു..രാമാനാമത്തിന്റെ മഹത്വം എഴുതിയാല്‍ തീരില്ല...

Sunday, January 15, 2012

ഗൌതമിയുടെ കര്‍മ്മഫലം


മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....

സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..
നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..
"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?
"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?

"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

കൃഷ്ണനാട്ടത്തിന്റെ ഉത്ഭവം


യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര്‍ പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര്‍ വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന്‍ തമ്പുരാന്‍ സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന്‍ ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്‍..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര്‍ അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന്‍ അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന്‍ ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന്‍ അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന്‍ ....ഒരു കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന്‍ തൊട്ടരികില്‍ നില്‍ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന്‍ ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന്‍ അപ്രത്യക്ഷനായി .! കണ്ണന്‍ തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത്‌ പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര്‍ തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം

ശിവദശാവതാരങ്ങള്‍


വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...
സജ്ജനങ്ങള്‍ക്ക്‌ മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ ....ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു...രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം....മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു...ബാലഭുവനേശിയാണ് ശക്തിസ്വരൂപം...ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്...

അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്...ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു...ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം...ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു...ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു...ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു...ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു...മാതംഗി ആണ് ശക്തിസ്വരൂപം...പത്താമത്തെ അവതാരം കമലെന്നും ..ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു...

ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക്‌ സുഖവും,മോക്ഷവും,മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു...